വനിതാ മജിസ്‌ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ പൂട്ടിയിട്ടു

Jaihind Webdesk
Wednesday, November 27, 2019

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ ദീപാ മോഹന്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പു നീക്കത്തില്‍നിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ടായിരുന്നു.

തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങി. പ്രതിഷേധം സംബന്ധിച്ച പരാതി മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുമുണ്ട്.