സ്വപ്ന സുരേഷിന്‍റെ സിപിഎം ബന്ധത്തിനുള്ള കൂടുതൽ തെളിവുകൾ പുറത്ത്; സ്വപ്ന സുരേഷിന് വേണ്ടി ഹാജരാവുന്നത് മുൻ എസ്.എഫ്.ഐ നേതാവും സജീവ സി പി എം പ്രവർത്തകനുമായ അഭിഭാഷകൻ

Jaihind News Bureau
Monday, August 10, 2020

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സിപിഎം ബന്ധത്തിനുള്ള കൂടുതൽ തെളിവുകൾ പുറത്ത്. സ്വപ്നക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് മുൻ എസ്.എഫ്.ഐ നേതാവും, ഇപ്പോൾ സജീവ സി പി എം പ്രവർത്തകനുമായ അഭിഭാഷകൻ. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ സ്വപ്നക്കുമേൽ അഭിഭാഷകന്‍റെ സമ്മർദ്ദമുണ്ടെന്നും സൂചനയുണ്ട്.

എറണാകുളം പുത്തൻകുരിശ് സ്വദേശിയായ അഡ്വ. ജോപോൾ ആണ് സ്വപ്ന സുരേഷിന് വേണ്ടി കോടതികളിൽ ഹാജരാവുന്നത്. മുൻ LDF സർക്കാരിന്‍റെ ഭരണത്തിൽ സർക്കാർ അഭിഭാഷകനായിരുന്നു ഇദ്ദേഹം. വിദ്യാർത്ഥി രാഷട്രീയത്തിൽ SFI നേതാവ്. 1985 ൽ തൃപ്പൂണിത്തുറ ഗവൺമെന്‍റ് കോളേജിൽ എസ്.എഫ്. ഐ യുടെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു ജോപോൾ.

ദീർഘകാലമായി സി പി എം ഭരിക്കുന്ന വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്കിന്‍റെ ലീഗൽ അഡ്വൈസർ. ജില്ലയിലെ ഉന്നതനും, മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പുത്തൻകുരിശിലെ സി.പി.എം നേതാവാണ്, സ്വപ്ന സുരേഷിന് വേണ്ടി അഡ്വക്കേറ്റ് ജോപോളിനെ ഏർപ്പാടാക്കി കൊടുത്തതെന്നും സൂചനയുണ്ട്. ചുരുക്കത്തിൽ സ്വപ്നക്ക് വേണ്ടി എല്ലാ നിയമ സഹായവും നൽകി സി പി എം ഒപ്പമുണ്ട് എന്ന് വ്യക്തം. ഇതിനൊക്കെ പുറമെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

മുഖ്യമന്ത്രിയുമായും, അദ്ദേഹത്തിന്‍റെ ഓഫീസുമായും അടുത്ത ബന്ധമുണ്ട് എന്നത് അടക്കമുള്ള കാര്യങ്ങളിൽ സ്വപ്നയുടെ മൊഴി ലഭിച്ചിട്ടുണ്ടെന്ന് NIA കോടതിയിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളമൊഴി നൽകാൻ സ്വപ്നയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്നറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള കള്ള മൊഴി നൽകാൻ സ്വപ്നക്ക് മേൽ ഇപ്പോൾ സമ്മർദ്ദമുണ്ട്. സി പി എം നേതൃത്വത്തിന്‍റെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് കള്ള മൊഴി നൽകാൻ സി പി എം കാരനായ അഭിഭാഷകൻ സ്വപ്നയെ സമ്മർദ്ദത്തിലാക്കിയതായും സൂചനയുണ്ട്. പിണറായി വിജയന്‍റെ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാൻ പാർട്ടി ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇത്തരം സൂചനകൾ വിരൽ ചൂണ്ടുന്നത്.