ചിരട്ടപാൽ ഇറക്കുമതി : വിഷയം നിയമസഭയിൽ ഉന്നയിച്ച് അഡ്വ. സജീവ് ജോസഫ് എംഎൽഎ

Jaihind Webdesk
Tuesday, August 3, 2021

തിരുവനന്തപുരം : കേരളത്തിലെ റബർ കർഷകർ വിലത്തകർച്ച മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ചിരട്ടപാൽ ഇറക്കുമതി ചെയ്യുവാനും, ബി.ഐ.എസ് അംഗീകാരം നൽകാനുമുള്ള കേന്ദ്ര സർക്കാരിൻറെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിയമസഭയിൽ അഡ്വ. സജീവ് ജോസഫ്, എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

ചിരട്ടപാൽ ഇറക്കുമതി ചെയ്താൽ റബർ ഷീറ്റിനു നിലവിലെ വിലയുടെ പകുതി മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. കേരളത്തിലെ പന്ത്രണ്ട് ലക്ഷത്തോളം കർഷകരുടെ ജീവനോപാധിയെ ബാധിക്കും , ക്രമേണ റബർ കൃഷി ഇല്ലാതാകുകയും കേരളത്തിൻ്റെ സമ്പദ്ഘടനക്ക് ഭീഷണിയാകും.

കൂടാതെ ഇറക്കുമതി ചെയ്യുന്ന ചിരട്ടപാലിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മജീവികളും ഫംഗസുകളും, പകർച്ചവ്യാധികൾക്കും മാരകരോഗങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യ മേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും സജീവ് ജോസഫ് പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുമെന്നും സംസ്ഥാനത്തിൻ്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും, മറുപടി പ്രസംഗത്തിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉറപ്പു നൽകി.