നവകേരള സദസിന്‍റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു; കരുതല്‍ കസ്റ്റഡിക്കെതിരെ മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ പ്രചരണത്തിനെത്തുന്നതിന്‍റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്. കെഎസ്‌യു ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തത് അങ്ങേയറ്റത്തെ ധിക്കാരമാണ്. മുഖ്യമന്ത്രിയുടെ പരാതിപരിഹാരപരിപാടിക്ക് ആളെയെത്തിക്കാന്‍ കോമഡി ഷോയും ഗാനമേളയും കലാപരിപാടികളും സംഘടിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇതിനു മുമ്പൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു.

മുഖ്യമന്ത്രിയും പരിവാരങ്ങളും പോകുന്ന വഴിയില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ക്ക് പെട്ടവര്‍ നടക്കാന്‍ പാടില്ലെന്നാണോ പോലീസ് കരുതുന്നത്. പോലീസ് വലയത്തിനു നടുവിലും പേടി കൂടാതെ യാത്ര ചെയ്യാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണോ കരുതേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കല്യാശേരി മണ്ഡലം നവ കേരള സദസിനായി മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് കെഎസ്‌യു ഭാരവാഹികളായ മുഹമ്മദ് റാഹിബ്, സി.എച്ച്. മുബാസ് അര്‍ഷാദ് വാടിക്കല്‍, സുഫൈല്‍ ഇരിണാവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നടപടിക്കെതിരെയാണ് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Comments (0)
Add Comment