അഡ്വ. ജെബി മേത്തർ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റു

Jaihind Webdesk
Tuesday, January 4, 2022

തിരുവനന്തപുരം : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി അഡ്വ. ജെബി മേത്തർ ചുമതല ഏറ്റെടുത്തു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്‍റെ തിരിച്ചുവരവിൽ മഹിളാ കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ ആശീർവാദത്തോടെയാണ് അഡ്വ. ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കെപിസിസി പ്രസിഡന്‍റിന്‍റേയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റേയും സാന്നിധ്യത്തിൽ മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്‍റ് സുധാ കുര്യനിൽ നിന്ന് മിനിട്‌സ് ബുക്ക് സ്വീകരിച്ച് അഡ്വ . ജെ ബി മേത്തർ മഹിളാ കോൺഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനംഏറ്റെടുത്തു.

രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ ഗുണവും ജെബി മേത്തറിൽ ഒരു മിച്ച് കാണാൻ കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ സുധാകരൻ എംപി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ സ്ത്രീശക്തിയായി മഹിളാ കോൺഗ്രസ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാർ, ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.