ദത്തുവിവാദത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

Jaihind Webdesk
Tuesday, October 26, 2021

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത വിഷയത്തില്‍ സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം.  സര്‍ക്കാരും ശിശുക്ഷേമസമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് കെകെ.രമ കുറ്റപ്പെടുത്തി.ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ  പറഞ്ഞു.

ശിശുക്ഷേമ സമിതിയും പൊലീസും അനധികൃത ഇടപെടൽ നടത്തി. കേസ് റജിസ്റ്റർ ചെയ്യാതെ ആറുമാസം പൊലീസ് ഒത്തുകളിച്ചു. ഉന്നത രാഷ്ട്രീയ ഭരണ ഗൂഢാലോചന നടന്നു. ശിശുക്ഷേമസമിതി പിരിച്ചുവിടണം. ദുരഭിമാന കുറ്റകൃത്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ അനുപമയുടെ അച്ഛൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചതായും കെ.കെ.രമ പറഞ്ഞു.

അതിനിടെ ഒരു മിനിറ്റ് സംസാരിച്ചത് മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. ഇതോടെ നിയമസഭയില്‍ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. അനുപമയുടെ മാതാപിതാക്കൾ കൈമാറിയ കുട്ടിയെ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിൽനിന്ന് കിട്ടിയ കുട്ടിയാണെന്ന് വരുത്തി തീർത്തെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ആൺകുട്ടിയെ പെൺകുട്ടിയാണെന്നു വരുത്തി തീർക്കാനും ശ്രമം നടന്നു. പത്രപരസ്യം വന്നപ്പോൾ മാതാവ് ശിശുക്ഷേമ സമിതിയിൽ ചെന്നു. എന്നാൽ മറ്റൊരു കുട്ടിയുടെ ഡിഎൻഎ പരിശോധനയാണ് നടത്തിയത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയടക്കം എല്ലാവർക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആറു മാസം കഴിഞ്ഞ് മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് കേസെടുത്തതെന്നും സതീശൻ പറഞ്ഞു.

 

 

 

 

shes out at CM