ആറ്റിങ്ങൽ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി പരിഗണിക്കണമെന്ന് അടൂർപ്രകാശ്

Jaihind News Bureau
Friday, July 19, 2019

Adoor-Prakash

ആറ്റിങ്ങൽ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി പരിഗണിക്കണമെന്ന് അടൂർപ്രകാശ് എംപി ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. ടൂറിസം രംഗത്ത് പൊൻമുടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. വിദേശികളടക്കം വളരെയധികം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വർക്കലയുടെ വികസനം കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നും , ടൂറിസം രംഗത്ത് വർക്കലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞ അടൂർ പ്രകാശ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വർക്കലയെ നാഷണൽ ജിയോളജിക്കൽ പാർക്കായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും കൂട്ടിച്ചേർത്തു. ശിവഗിരി തീർത്ഥാടനത്തിന് ആയിരക്കണക്കിന് തീർത്ഥാടകരാണ് വർക്കലയിൽ എത്തുന്നത്. രാജാ രവിവർമ്മയുടെ ജന്മം കൊണ്ട് പ്രശസ്തമായ കിളിമാനൂർ കൊട്ടാരവും ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വർക്കല ടണൽ സഞ്ചാരയോഗ്യമാക്കണം. ടൂറിസം വികസനം ഈ മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. ഇത് അനുഭാവപൂർവം പരിഗണിച്ച് പദ്ധതി നടപ്പാക്കുമെന്നും അടൂർ പ്രകാശ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.