എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

തിരുവനന്തപുരം:എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെയെന്ന് കെ.സുധാകരന്‍ എം.പി. ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്‍മാറ്റം മാത്രമാണിത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സിപിഎമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്.

അതെസമയം എഡിഎമ്മിന്റെ മരണം സംഭവിച്ച ഉടനെ അതിന് കാരണക്കാരിയായ പിപി ദിവ്യയെ കൈവിടാന്‍ സിപിഎം മടികാണിച്ചതും അഴിമതിവിരുദ്ധ പോരാളിയെന്ന പ്രതിച്ഛായ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത് പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ് ഐ മുന്നോട്ട് വന്നതും അതിന് ഉദാഹരണമാണ്. ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെത് ഇടതനുകൂല കുടുംബമാണെന്ന പരിഗണന പോലും നല്‍കാതെ വ്യാജ അഴിമതി ആരോപണം ഉയര്‍ത്തി മരണശേഷവും നവീന്‍ ബാബുവിനെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതുസമൂഹത്തിന്റെ വികാരം എതിരായപ്പോള്‍ മാത്രമാണ് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

യാത്രയയപ്പ് യോഗത്തിനിടെ എഡിഎമ്മിനെ അധിക്ഷേപിക്കുന്നതിന് പിപി ദിവ്യയ്ക്ക് നാടകീയമായ സാഹചര്യം ഒരുക്കുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ.സുധാകരന്‍ എംപി.ആവശ്യപ്പെട്ടു. ക്ഷണിക്കാത്ത യോഗത്തിലേക്ക് പിപി ദിവ്യ കടന്നു വന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണ്. പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെടാതെ ഇരുന്നതും ദുരൂഹമാണ്. കൂടാതെ എഡിഎമ്മിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരന്‍ ടി.വി പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സും ഈ ഇടപാടില്‍ പിപി ദിവ്യയ്ക്ക് പങ്കുണ്ടോയെന്നതും ഉള്‍പ്പെടെ അന്വേഷിക്കണം. എഡിഎമ്മിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരന്റെതായി പുറത്തുവന്ന ശബ്ദസംഭാഷണത്തിലൂടെ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ആരോപണത്തിന് കഥയും തിരക്കഥയും രചിച്ച കറുത്ത ശക്തികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കെ.സുധാകരന്‍ എം.പി.ആവശ്യപ്പെട്ടു.

Comments (0)
Add Comment