ആദിവാസികൾക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതി പാതിവഴിയിൽ

Jaihind Webdesk
Tuesday, March 26, 2019

ആദിവാസികൾക്ക് പ്രത്യേക പദ്ധതിയിലൂടെ ജോലി നൽകാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി പാതിവഴിയിൽ. യോഗ്യതയിലും മാനദണ്ഡത്തിലും ഇളവുകൾ വരുത്തി പോലീസിലും എക്‌സൈസിലും ആദിവാസികൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ വാഗ്ദാനമാണ് പാതിവഴിയിൽ നിലച്ചു പോയിരിക്കുന്നത്.

മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നായി 812 പേരാണ് പ്രത്യേക റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം 20 ന് അവലസാനിച്ചപ്പോൾ 100 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. ഇത് മൂലം വനാന്തരങ്ങളിലും വനാതിർത്തികളിലുമായി താമസിക്കുന്ന വിവിധ ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവരെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട പദ്ധതിയാണ് പൂർണതയിലെത്താതെയായത്. ആദിവാസികള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചപ്പോൾ ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ജോലി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇത് പ്രകാരം റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ഒരു വർഷത്തിനുള്ളിൽ ജോലി നൽകുമെന്ന് പി.എസ്.സിയും വാഗ്ദാനം നൽകി. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ ഒപ്പു ശേഖരിച്ച് പട്ടിക വർഗ്ഗ വകുപ്പ് , പോലീസ് എക്‌സൈസ് എന്നീ വകുപ്പുകളിലേക്ക് അപേക്ഷ കൈമാറിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പി.എസ്.സി അധികൃതരുടെ വാദം. ലിസ്റ്റിൽ ഉൾപ്പെട്ട ബാക്കിഉള്ളവർക്ക് കൂടി നിയമനം ലഭിക്കുമെന്ന് കരുതി പട്ടിക വർഗ വകുപ്പ് സർക്കാരിന് നൽകിയ ശുപാർശ സർക്കാർ പിഎസ് സിക്ക് കൈമാറിയോ ഇല്ലയോ എന്ന് അറിവില്ലെന്നാണ് ബദ്ധപ്പെട്ട അധികൃതർ പറയുന്നത്.[yop_poll id=2]