‘ഒറ്റരാത്രി കൊണ്ട് നിങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചു’ ; അമിത് ഷായോട് അധിര്‍ രഞ്ജന്‍ ചൗധരി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്ന വിമർശനവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഉത്തരവ് ലോക്സഭയില്‍ വായിക്കുന്നതിനിടെയായിരുന്നു ചൗധരിയുടെ വിമര്‍ശനം.

‘പാക് അധീന കശ്മീരിനെക്കുറിച്ചാണു നിങ്ങള്‍ ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനുവേണ്ടി നിങ്ങള്‍ ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചു’ – അധിർ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. അമിത്ഷായും ചൗധരിയുമായി ലോക്സഭയില്‍ ഏറെ നേരം വിഷയത്തില്‍ സംസാരവുമുണ്ടായി.

രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 അസാധാരണ നടപടിക്രമത്തിലൂടെ നീക്കം ചെയ്തതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. അതേസമയം കശ്മീരിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അമേരിക്കയും അറിയിച്ചു. അതിർത്തിയില്‍ സമാധാനം പുലർത്തുന്നതിന് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

Adhir Ranjan ChoudharyJammu-Kashmir
Comments (0)
Add Comment