അധീര്‍ എന്നാല്‍ വിശ്രമമില്ലാത്തവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കാകട്ടെ അധീര്‍ രഞ്ജന്‍ ചൗധരിയെന്നാല്‍ ലക്ഷ്യം തെറ്റാതെ അസ്ത്രം തൊടുക്കുന്നവനും. നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന കൗരവപ്പടയെ നീതിയുടെ പാണ്ഡവ പക്ഷത്തു നിന്ന് നേരിടാന്‍ ലോക്സഭയില്‍ പടനായകനായി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് ഇതേ അധീര്‍ രഞ്ജന്‍ ചൗധരിയെയാണ്.
നീണ്ട മൂന്ന് പതിറ്റാണ്ടിലേറെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും അതിന് ശേഷം മമത ബാനര്‍ജി അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ രാഷ്ട്രീയ ഭൂപടം മാറിയപ്പോഴും അടിപതറാതെ കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായി നിലകൊണ്ട ഒരു പ്രദേശമുണ്ട് പശ്ചിമ ബംഗാളില്‍. മുര്‍ഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളും. ഈ കോണ്‍ഗ്രസ് കോട്ടയ്ക്ക് കാവലാളായി നിന്ന പടനായകനാണ് അധീര്‍ രഞ്ജന്‍ ചൗധരി.
മാധ്യമ പ്രവര്‍ത്തകനായിരിക്കെ, 2009-ലെ ലോക്സഭ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ട് ചെയ്യാന്‍ പശ്ചിമ ബംഗാളില്‍ പോകാന്‍ അവസരം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും തിരിക്കുമ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചു ബംഗാളിലെ കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗ്ഗം സന്ദര്‍ശിക്കണമെന്ന്. അങ്ങനെ മുര്‍ഷിദാബാദ് സന്ദര്‍ശിച്ചു. പറഞ്ഞു കേട്ടതിലുമപ്പുറമാണ് അധീര്‍ രഞ്ജന്‍ ചൗധരിയെന്ന നേതാവെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. മുര്‍ഷിദാബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നപ്പോള്‍ ‘അധീര്‍ ദാ’ സൈക്കിളില്‍ ജില്ല മുഴുവന്‍ യാത്ര ചെയ്ത് പടുത്തുയര്‍ത്തിയതാണ് കോണ്‍ഗ്രസ്. ഇതേ കുറിച്ച് പറയുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാചാലരാകും.
സി.പി.എം അധികാരത്തിലിരുന്നപ്പോള്‍ നെഞ്ചുവിരിച്ച് നിന്ന് അവര്‍ക്കെതിരെ പോരാടി. അധികാരത്തിന്റെ തണലില്‍ സി.പി.എം നടത്തിയ ഫാസിസത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് ‘അധീര്‍ ദാ’ മുര്‍ഷിദാ ബാദെന്ന സ്വന്തം തട്ടകം കാത്തു സംരക്ഷിച്ചത്. ഇതിനിടെ ഇടതു സര്‍ക്കാര്‍ കൊലപാതക കേസില്‍പ്പെടുത്തി. ഇതടക്കം എല്ലാ പ്രതിസന്ധികളോടും പടവെട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരി സ്വന്തം രാഷ്ട്രീയ അടിത്തറ ബലപ്പെടുത്തിയത്.
33 വര്‍ഷത്തെ ഇടതുഭരണം തകര്‍ത്തെറിഞ്ഞ് മമതാ ബാനര്‍ജി അധികാരത്തിലെത്തിയപ്പോഴും മുര്‍ഷിദാബാദ് കുലുങ്ങിയില്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ചുതന്നെ നിന്നു. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ അഞ്ച് തവണയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി അധീര്‍ രഞ്ജന്‍ ചൗധരി മത്സരിച്ച ബേരംപൂര്‍ മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയത്. കോണ്‍ഗ്രസ് കോട്ട തകര്‍ക്കുക, അധീര്‍ രഞ്ജന്‍ ചൗധരിയെ പാഠം പഠിപ്പിക്കുക-ഇതായിരുന്നു ലക്ഷ്യം. പക്ഷേ ഇടതു കോട്ട തകര്‍ത്ത് ചരിത്രം രചിച്ച മമതയ്ക്ക് ബേരംപൂരില്‍ ലക്ഷ്യം കാണാനായില്ല. അധീര്‍ രഞ്ജന്‍ ചൗധരി വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും ലോക്സഭയിലേക്ക് വിജയിച്ചു കയറി.
ഒരു പോരാളിയാണ് അധീര്‍; വിശ്രമമില്ലാത്ത പോരാളി. രാഷ്ട്രീയ എതിരാളികളോട് ഒരിക്കലും സന്ധി ചെയ്യാത്ത, സമരസപ്പെടാത്ത പോരാളി. മൃഗീയ ഭൂരിപക്ഷത്തില്‍ അഭിരമിക്കുന്ന, കോണ്‍ഗ്രസ് മുക്ത ഭാരതം വ്യാമോഹിക്കുന്ന മോദിയേയും കൂട്ടരേയും നേരിടുന്നതിന് 52 പേരടങ്ങളുന്ന കോണ്‍ഗ്രസ് സംഘത്തെ നയിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍. അധികാര കേന്ദ്രങ്ങള്‍ക്കുനേരെ കൈചൂണ്ടി വെല്ലുവിളിക്കാന്‍ പോന്ന ധൈര്യശാലി. കേരളത്തിലെ കോണ്‍ഗ്രസിനും ആശ്വസിക്കാം. സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ‘എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ്’ പ്രവര്‍ത്തന ശൈലിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്ത അധീര്‍ രഞ്ജന്‍ ചൗധരിയാണ് തങ്ങളുടെ ലോക്സഭയിലെ കക്ഷി നേതാവെന്നതില്‍.