എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച; അന്വേഷണം ഔദ്യോഗിക പദവി ദുരുപയോഗം സംബന്ധിച്ച് മാത്രം; പ്രഹസനമെന്ന് ആക്ഷേപം

തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറും ആര്‍.എസ്.എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നുവെങ്കിലും കേവലം പ്രഹസമായി ഒതുങ്ങുമെന്നാണ് സൂചന. കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. കൂടിക്കാഴ്ചയില്‍ സര്‍വിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കില്‍ വകുപ്പുതല നടപടിക്ക് മാത്രമേ സാധ്യതയുള്ളൂ.

കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം സാധ്യമല്ലാത്തതാണ് പ്രധാന വെല്ലുവിളി. തൃശൂരിലും കോവളത്തും ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളില്‍ സര്‍വിസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഡി.ജി.പിയുടെ അന്വേഷണത്തില്‍ മുന്‍ഗണന. കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാല്‍ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളായ ഹൊസബലയുടെയും രാം മാധവിന്റെയും മൊഴി രേഖപ്പെടുത്താന്‍ കഴിയില്ല. അതേസമയം, അജിത്കുമാറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാവ് എ. ജയകുമാറിന്റെയും കണ്ണൂര്‍ സ്വദേശിയായ വ്യവസായി അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്താനാണ് ഡി.ജി.പിയുടെ തീരുമാനം.

എന്നാല്‍ കൂടിക്കാഴ്ചയുടെ ഉദ്ദേശമോ, കൂടിക്കാഴ്ചയില്‍ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തല്‍. അതായത് അജിത്കുമാറിന്റെ കൂടിക്കാഴ്ച, ഒരു അന്വേഷണ പ്രഹസനത്തില്‍ ഒതുങ്ങുമെന്ന് ചുരുക്കം. എന്തിനാണ് കണ്ടതെന്നോ, എന്താണ് ഉദ്ദേശമെന്നോ പുറത്തുവരികയുമില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റ ആരോപണവും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ടായിട്ടും അജിത്കുമാറും ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മൂടിവെച്ച സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ 20 ദിവസം കഴിഞ്ഞാണ് ഡി.ജി.പിയോട് അന്വേഷണത്തിന് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അന്വേഷണം പ്രഹസനമാകുന്നതോടെ പ്രതിപക്ഷ ആരോപണം വീണ്ടും ബലപ്പെടുകയാണ്.

Comments (0)
Add Comment