ഒടുവില്‍ എ‍ഡിജിപി തെറിച്ചു; എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി

 

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. സായുധ പോലീസ് ബറ്റാലിയനിലേക്കാണ് അജിത്ത് കുമാറിനെ മാറ്റിയത്. ഇന്‍റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിയമിച്ചു. അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാത്രി വൈകി നടപടി വന്നത്.

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ഇടപെടല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നത്. ഇടതുപക്ഷ എംഎല്‍എയായിരുന്ന പി.വി അന്‍വറിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് കടുത്ത ആരോപണങ്ങളുമായി ആദ്യമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനു പുറമെ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളും അജിതിനെ മാറ്റണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു.

 

Comments (0)
Add Comment