തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എഡിജിപിക്കെതിരെ അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ ശുപാർശ.
ഇതിനിടയിൽ തനിക്കെതിരായ അന്വേഷണത്തിൽ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ച തീരുമാനത്തിനെതിരെ എഡിജിപി പരാതി ഉയർത്തി. ഇതേതുടർന്ന് ശനിയാഴ്ച ഡിജിപി നേരിട്ട് എം.ആർ അജിത്ത് കുമാറിന്‍റെ മൊഴിയെടുക്കും.
ഘടകകക്ഷികളെ നോക്കുകുത്തികളാക്കി ആരോപണ വിധേയനായ എഡിജിപിയെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ ഇടതുമുന്നണിയിൽ കടുത്ത അതൃപ്തി ഉയരുകയാണ്. ഇടത് മുന്നണി യോഗത്തിൽ മൂന്നുപ്രാവശ്യമാണ് സിപിഐ എഡിജിപിയ്ക്ക്എതിരെ നടപടി ആവശ്യപ്പെട്ടത്. എന്നാൽ ഏകാധിപത്യ ശൈലിയിൽ മുഖ്യമന്ത്രി ഘടകകക്ഷികളുടെ ആവശ്യത്തെ തള്ളുകയായിരുന്നു.