എഡിജിപി അജിത്കുമാറിന്‍റെ ആര്‍എസ്എസ് കൂടിക്കാഴ്ച; എല്‍ഡിഎഫില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി പ്രതിരോധത്തില്‍

 

തിരുവനന്തപുരം: ആര്‍എസ്എസ് ദേശീയ നേതാവ് ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ സമ്മതിച്ചതിന് പിന്നാലെ പ്രതിരോധത്തിലായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് എഡിജിപിയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനാണ് കൂടിക്കാഴ്ച നടത്തിയതായി അജിത്കുമാര്‍ സമ്മതിച്ചത്.

ആര്‍എസ്എസിന്‍റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ സുഹൃത്തിനൊപ്പമാണ് കൂടിക്കാഴ്ച നടത്തിയത്. എഡിജിപിയുടെ സന്ദര്‍ശനം സംബന്ധിച്ച് തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണ് ഇന്നും സിപിഎമ്മിന്‍റെ പ്രതികരണം. എഡിജിപി നടത്തിയ സ്വകാര്യ സന്ദര്‍ശനത്തില്‍ പാര്‍ട്ടി എന്ത് പറയാനെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. എന്നാല്‍ ഇടത് മുന്നണിക്കുള്ളില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. വലിയ വിമര്‍ശനമാണ് എല്‍ഡിഎഫില്‍ ഉയരുന്നത്.

സിപിഐ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിക്കഴിഞ്ഞു. കൂടിക്കാഴ്ചയില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇടത് ഭരണത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്ന സന്ദേശവും സിപിഐ സിപിഎമ്മിന് നല്‍കിയിട്ടുണ്ട്.

ഇതോടെ എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്നലെ പി.വി. അന്‍വര്‍ ഉന്നയിച്ച പരാതികള്‍ ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്നായിരുന്നു എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിവാദങ്ങളും ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും എതിരായതിനാല്‍ മുഖ്യമന്ത്രി തന്നെ പരിഹരിക്കട്ടേയെന്ന തീരുമാനമാണ് സിപിഎമ്മില്‍. പി.വി. അന്‍വറുടെ ആരോപണങ്ങളും, എഡിജിപി അജിത് കുമാറിന്‍റെ സന്ദര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥയിലേക്ക് എത്തുകയാണ്.

Comments (0)
Add Comment