അഡലെയ്ഡ് ടെസ്റ്റ്: അവസാനദിനം കൊഴുക്കും; ഇന്ത്യക്ക് വീഴ്ത്തേണ്ടത് 6 വിക്കറ്റുകള്‍; ഓസ്ട്രേലിയക്ക് വേണ്ടത് 219 റണ്‍സ്

Jaihind Webdesk
Sunday, December 9, 2018

Adelaide-Test-

അഡലെയ്ഡ് ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് ഇന്ത്യ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സിൽ 307 റൺസിന് പുറത്തായ ഇന്ത്യ ഓസീസിന് 323 റൺസിന്‍റെ വിജയലക്ഷ്യമാണ് കുറിച്ചത്. അവസാന ദിനം ഓസീസിന് വിജയിക്കാൻ വേണ്ടത് 219 റൺസാണ്. ഇന്ത്യയ്ക്ക് വീഴ്‌ത്തേണ്ടത് ആറു വിക്കറ്റും.

ഇന്ത്യന്‍ ബൌളിംഗിനെ പ്രതിരോധിച്ച് 31 റണ്‍സുമായി ക്രീസിൽ തുടരുന്ന ഷോൺ മാർഷിലാണ് ഓസീസിന്‍റെ പ്രതീക്ഷ.  11 റണ്‍സുമായി ട്രാവിസ് ഹെഡാണ് മാര്‍ഷിലിന് കൂട്ടായി ക്രീസിലുള്ളത്. ആരോൺ ഫിഞ്ച് (11 ), മാർക്കസ് ഹാരിസ് ( 26), ഉസ്മാൻ ഖവാജ (8), പീറ്റർ ഹാൻഡ്സ്കോംബ് (14) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നാളെ ഓസീസ് പ്രതിരോധം തകര്‍ക്കാനായാല്‍ ജയം ഇന്ത്യക്ക് സ്വന്തമാകും. ഇതിനായി 6 വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. അതേസമയം ഇന്ത്യന്‍ ബൌളിംഗ് നേരിട്ട് 219 റണ്‍സ് നേടാനായാല്‍ വിജയം കംഗാരുക്കള്‍ക്കൊപ്പമാകും. എന്തായാലും അവസാനദിനമായ നാളെ മത്സരം ആവേശകരമാകും എന്നതില്‍ സംശയമില്ല.