ദുബായ് : യുഎഇ കേന്ദ്രമായ ട്വന്റി 14 ഹോള്‍ഡിങ്സിന്റെയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെയും എംഡിയായ അദീബ് അഹമ്മദ് , വേള്‍ഡ് ടൂറിസം ഫോറം ലുസേണ്‍ (ഡബ്ല്യു ടി എഫ് എല്‍) ആഗോള ഉപദേശ സമിതിയംഗമായി. ലോകത്തെ വിനോദ സഞ്ചാര മേഖലയിലെ വന്‍ നിക്ഷേപകരുടെയും വ്യവസായികളുടെയും ആഗോള സംഘടനയാണ് സ്വിറ്റ്സര്‍ലണ്ടിലെ ഡബ്ല്യു ടി എഫ് എല്‍ എന്ന രാജ്യാന്തര കൂട്ടായ്മ.
സ്വിറ്റ്സര്‍ലണ്ടിലെ ലുസേണ്‍ ധനകാര്യ വിഭാഗം മേധാവി ഫ്രാന്‍സിക ബിറ്റ്സി, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനീത് ചാട്വാള്‍, ഐസിടിപി (ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് ടൂറിസം പാര്‍ട്ണേഴ്സ്) പ്രസിഡന്റ് ജഫ്രി ലിപ്മാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്ന ഉപദേശക സമിതി മേഖലയിലെ നയ രൂപീകരണത്തിന് നേതൃത്വം നല്‍കും. നവംബര്‍ 15,16 തീയതികളില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ആന്ഡര്മെറ്റില് ഡബ്ല്യുടിഎഫ്എല്ലിന്റെ ആഭിമുഖ്യത്തില്‍ ആഗോള ടൂറിസം സാധ്യതകള്‍ സംബന്ധിച്ച് , ഇന്നവേഷന്‍ ഫെസ്റ്റിവല്‍ നടക്കും. വേള്‍ഡ് ഇക്കോണമിക് ഫോറം സ്ഥാപകന്‍ ക്ലോസ് ഷവബ്, ഹോട്ടല്പ്ലാന് സിഇഒ ലോറ മേയര്‍, തോമസ് കുക്ക് മുന്‍ സിഇഒ പീറ്റര്‍ ഫാങ്കോസര് തുടങ്ങിയവര്‍ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കും.