700 കോടിയിലധികം വിലമതിക്കുന്ന സൈബർ സിറ്റി ഭൂമി അദാനിക്ക് : അദാനി പിണറായി സർക്കാരിന് പ്രിയങ്കരനാകുമ്പോള്‍

Jaihind Webdesk
Tuesday, March 30, 2021

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കഴിവികേടില്‍ കൊച്ചി സൈബർ സിറ്റി പദ്ധതിയുടെ  കോടികൾ വിലമതിക്കുന്ന 70 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന്. വി എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ  കാലത്തു വലിയ വിവാദങ്ങൾക്ക്  കൊച്ചി സൈബർ സിറ്റി പദ്ധതി ഇടയാക്കിയിരുന്നു. ബ്ലൂ സ്റ്റാർ റിയൽറ്റേഴ്‌സ് 2006 ലാണ് എച്ച്എംടിയിൽ നിന്ന് 70 ഏക്കർ സ്ഥലം 91 കോടി രൂപയ്ക്കു വാങ്ങിയത്. സൈബർ സിറ്റി പദ്ധതി നടപ്പാക്കുന്നതിലൂടെ 3000 കോടി രൂപയുടെ നിക്ഷേപം വഴി 60,000 പേർക്കു നേരിട്ടും ഒന്നര ലക്ഷം പേർക്കു അല്ലാതെയും തൊഴിൽ നൽകുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി. ബ്ലൂ സ്റ്റാർ റിയൽറ്റേഴ്‌സ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2018ൽ വാങ്ങിയതോടെ 700 കോടിയിലധികം വിലമതിക്കുന്ന  ഭൂമി അദാനി ഗ്രൂപ്പിനു സ്വന്തമാകുകയും ചെയ്തു.

സൈബർ സിറ്റി പദ്ധതി പിൻവലിക്കുന്നതായും പകരം പദ്ധതി ഉടൻ സമർപ്പിക്കുമെന്നുമാണ് കമ്പനി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സർക്കാരുമായി എല്ലാ ഇടപാടുകളും നടത്തിയിരുന്ന പദ്ധതി സിഇഒ കെ.വി. ജോൺ അറിയാതെയാണ് ഇപ്പോഴത്തെ നടപടികളെല്ലാം പുരോഗമിക്കുന്നത്.