‘ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണം’ ; ചിന്തയില്‍ അദാനിയുടെ പരസ്യം ; മോദിയുടെ സുഹൃത്ത് പിണറായിക്കും പ്രിയങ്കരനാകുമ്പോള്‍

Friday, February 5, 2021

 

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുളള ചിന്ത വാരികയിൽ അദാനിയുടെ പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമാകുന്നു. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ എന്ന് അവകാശപ്പെടുന്നതാണ് പരസ്യം.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകുന്നതിൽ പ്രതിഷേധവുമായി സിപിഎം പ്രത്യക്ഷ സമരത്തിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിടയക്കം നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് പാർട്ടി വാരികയിൽ തന്നെ അദാനിയെ പുകഴ്‌ത്തിയുളള പരസ്യം വന്നിരിക്കുന്നത്.

രാഷ്ട്രീയ നയത്തിൽ എതിർ ചേരിയിൽ നിർത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സി പി എം വാരിക തന്നെ പ്രസിദ്ധീകരിച്ചത് ഇടത് ക്യാമ്പിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരും അദാനി ഗ്രൂപ്പുമായുളള ബന്ധം ഉന്നയിച്ച് നിരവധി ലേഖനങ്ങളാണ് ചിന്തയിൽ അച്ചടിച്ച് വന്നിട്ടുളളത്. ഇതിനിടെയുണ്ടായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയം മാറ്റം സി.പി.എമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്.

അദാനിക്കെതിരെ വാതോരാതെ പ്രസംഗിക്കുകയും   പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പാര്‍ട്ടി തന്നെ സ്വന്തം വാരികയില്‍ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. അതേസമയം അദാനിയില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി പരസ്യം പ്രസിദ്ധീകരിച്ചത് സി.പി.എം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്നും വിലയിരുത്തപ്പെടുന്നു. കലാകാലങ്ങളില്‍ വന്‍മുതലാളിമാരുടെ പരസ്യം ഇത്തരത്തില്‍ സി.പി.എം നിയന്ത്രണത്തിലുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.