‘അദാനീ അംബാനീ രക്ഷിക്കൂ, ഇന്ത്യ സഖ്യം എന്നെ ഒതുക്കി’; മോദിക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

 

കനോജ്/ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പത്ത് വർഷങ്ങള്‍ക്ക് ശേഷം പരസ്യമായി അദ്ദേഹം തന്‍റെ സുഹൃത്തുക്കളുടെ പേര് വിളിച്ച് കരയുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. അപകടത്തിലാകുമ്പോള്‍ തന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്ന സുഹൃത്തുക്കളെയാണ് മോദി വിളിക്കുന്നത്. ഉത്തർപ്രദേശിലെ കനോജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ‘അദാനി-അംബാനി’ പരാമർശം ഉയർത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  മോദി അദാനിയുടെയും അംബാനിയുടെയും സഹായം തേടിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കഴിഞ്ഞ 10 വർഷത്തിനിടെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നടത്തിയെങ്കിലും അദാനിയുടെയും അംബാനിയുടെയും പേരുകൾ മോദി ഒരിക്കല്‍ പോലും പരാമർശിച്ചിട്ടില്ല. ഇന്ത്യ സഖ്യം വളഞ്ഞപ്പോഴാണ് മോദി തന്‍റെ സുഹൃത്തുക്കളുടെ പേര് വിളിച്ചത്. അപകടത്തിലാകുമ്പോള്‍ രക്ഷിക്കാൻ കഴിയുമെന്ന് കരുതുന്നവരുടെ പേരാണ് ഒരാള്‍ വിളിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

“പത്തു വർഷത്തിനു ശേഷം നരേന്ദ്ര മോദി തന്‍റെ രണ്ട് സുഹൃത്തുക്കളുടെ പേരുകൾ എടുത്തുപറഞ്ഞു. ഇന്ത്യൻ സഖ്യം എന്നെ ഒതുക്കി, ഞാൻ തോൽക്കാന്‍ പോകുന്നു. അദാനി, അംബാനി, എന്നെ രക്ഷിക്കൂ” – മോദിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോള്‍ അദാനിക്കും അംബാനിക്കുമെതിരെ സംസാരിക്കുന്നില്ലെന്നും ടെമ്പോ നിറയെ പണം കിട്ടിയോ എന്നുമായിരുന്നു മോദിയുടെ പരാമർശം. ഇതിനെതിരെ വീഡിയോ സന്ദേശത്തിലൂടെ രാഹുല്‍ മറുപടി നല്‍കിയിരുന്നു. ലോറിയില്‍ പണം നല്‍കുമെന്നത് മോദിയുടെ സ്വന്തം അനുഭവത്തില്‍ നിന്നാണോ പറഞ്ഞെതെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. അംബാനിയും അദാനിയും പണം നല്‍കുമെന്ന് താങ്കള്‍ക്ക് അറിയാമെങ്കില്‍ ഉടന്‍ തന്നെ സിബിഐ, ഇഡി തുടങ്ങിയവരെ അങ്ങോട്ടേക്ക് അയക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

Comments (0)
Add Comment