നടിയെ പീഡിപ്പിച്ച കേസ്: മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷണം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

Jaihind Webdesk
Sunday, January 9, 2022

 

കൊച്ചി :  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസ്. തുടരന്വേഷണത്തിന് മൂന്ന് സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നിയമവിദഗ്ധരുടെ സാന്നിധ്യത്തില്‍ ചേർന്ന  യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 20ന് മുമ്പ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്.

ദിലീപിനെയും പള്‍സർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും പള്‍സർ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. സംവിധായകന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച നടപടികളിലേക്ക് കടക്കുക.  ദിലീപിന്‍റെ കൈവശം ദൃശ്യങ്ങള്‍ ഉണ്ടോയെന്നത് വിശദമായി പരിശോധിക്കും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ അപേക്ഷ നല്‍കും.

മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷണം :

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലും ജയിലിനുള്ളിൽ തന്‍റെ ജീവൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്തിനെക്കുറിച്ചും ഒരു സംഘം അന്വേഷിക്കും.

ദിലീപിന് പൾസർ സുനിയുമായി മുൻപരിചയവും അടുത്ത ബന്ധവുമുണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ രണ്ടാമത്തെ സംഘം അന്വേഷിക്കും.

സാക്ഷികളെ പ്രതികൾ സ്വാധീനിച്ചെന്ന വെളിപ്പെടുത്തലാണ് മൂന്നാമത്തെ സംഘത്തിന്‍റെ അന്വേഷണപരിധിയില്‍ വരിക.

ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍  ക്രൈം ബ്രാഞ്ച് ഐജി എസ് ഫിലിപ്പ്, എസ്പിമാരായ കെഎസ് സുദർശൻ, എംജെ സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു കെ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.