നടി തൃഷയ്‌ക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

Jaihind Webdesk
Monday, November 20, 2023

നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. തമിഴ്‌നാട് ഡിജിപിയോട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന 509ബി, അല്ലെങ്കില്‍ തതുല്യമായ വകുപ്പ് പ്രകാരം കേസെടുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തൃഷയെ ലൈംഗികമായി അപമാനിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു നടന്റെ പരാമര്‍ശം. ഇതിനെതിരെ രംഗത്തെത്തിയ നടി മന്‍സൂര്‍ അലി ഖാനൊപ്പം അഭിനയിച്ചതില്‍ ദുഃഖിക്കുന്നുവെന്നും, ഇനി നടനൊപ്പം സഹകരിക്കില്ലെന്നും അറിയിച്ചു. പിന്നാലെയാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്.