തിരുവനന്തപുരം: ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടും അബിൻ വർക്കി നേരത്തെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര പരാതി ഉയർത്തിയത്. തന്നെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. തുടർന്ന് ചിത്രത്തില്‍ അഭിനയിക്കാതെ നടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.