പാല്‍ വാങ്ങാന്‍ പോകാനും കൊവിഡ് സർട്ടിഫിക്കറ്റ് വേണോ ? പരിഹസിച്ച് രഞ്ജിനി

Jaihind Webdesk
Thursday, August 5, 2021

സർക്കാരിന്‍റെ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമർശിച്ച് നടി രഞ്ജിനി. പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നും നമ്മളാണ് ഈ ലോകത്തെ ഏറ്റവും വലിയ കോമാളികൾ എന്നും താരം സോഷ്യല്‍‌ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിച്ചു.

സർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കടകളിൽ‌ പ്രവേശിക്കണമെങ്കിൽ ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്ത് രണ്ടാഴ്ച ആയിട്ടുള്ളവരോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചിട്ടുള്ളവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് പൊസിറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളവരോ ആയിരിക്കണം. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. നിബന്ധനകള്‍ക്കെതിരെ വ്യാപാരികളടക്കം രംഗത്തെത്തി.

അശാസ്ത്രീയമായ മാനദണ്ഡങ്ങൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാന്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും കടകളിലേക്ക് വരുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിര്‍ദേശങ്ങളൊക്കെ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വ്യാപാരികള്‍. പൊലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാല്‍ കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് വ്യാപാരികളുടെ പ്രതികരണം.