റംസിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

Jaihind News Bureau
Thursday, October 15, 2020

കൊല്ലം കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. രാവിലെ 10 മണിയോടെ ലക്ഷ്മി പ്രമോദ് ഭർത്താവിനൊപ്പം കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകുകയായിരിന്നു. എന്നാൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ തുടർനടപടികൾ ഒന്നും ഇന്നും നടന്നില്ല. കഴിഞ്ഞ ദിവസവും ഇവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. കൊല്ലം സെഷൻസ് കോടതി കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർജാമ്യം അനുവദിച്ചിരുന്നു. കേസ്സിലെ മുഖ്യപ്രതിയും റംസിയുടെ പ്രതിശ്രുത വരനുമായിരുന്ന ഹാരിസിന്‍റെ മാതാവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണവുമായി സഹകരിക്കാനും ഇവർക്ക് മുന്നിൽ ഹാജരാകാനും കോടതി നിർദേശം നൽകിയിരുന്നു. ഇപ്പോൾ റിമാന്‍റിൽ കഴിയുന്ന ഹാരിസിന്‍റെ സഹോദര ഭാര്യയാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ്. കഴിഞ്ഞ മാസം മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ റംസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.