നടിയെ ആക്രമിച്ച കേസ്: ഹാജരാകാതെ മാപ്പുസാക്ഷി, അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

Jaihind Webdesk
Thursday, July 29, 2021

 

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി. വിഷ്ണു തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി. സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരെ കോടതി ചൊവ്വാഴ്ച ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇന്നും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദേശം നല്‍കിയത്.

കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന്‌ വിഷ്ണു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

തുടർച്ചയായി ഹാജരാകാതിരിക്കുന്നത്  വിചാരണ നടപടികള്‍  വൈകിപ്പിക്കുന്ന സാഹചര്യമുണ്ട്. വിചാരണ വേഗം പൂര്‍ത്തീകരിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശമുള്ളതാണ്. അതേസമയം കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി വിഷ്ണു ചികിത്സ തേടിയിരുന്നതിന്‍റെ രേഖകള്‍ പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു.