എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും. വാദം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ രണ്ടാഴ്ച സമയം ചോദിക്കും. പ്രതിഭാഗത്തിന്‍റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്. അതേസമയം മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചു.
ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണു നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നതെന്നും അതിജീവിത കത്തിൽ വ്യക്തമാക്കി.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തളളിയിരുന്നു. കേസിൽ പോലീസ് അന്വേഷണം ആവശ്യമില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.