നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ്കുമാറിന്‍റെ സെക്രട്ടറി ഇന്ന് ഹാജരാകണം

Jaihind News Bureau
Thursday, November 19, 2020

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രദീപ്  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ ജീവന് ഭീഷണിയെന്നുമായിരുന്നു സന്ദേശം. വിപിന്റെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പൊലീസ്, ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. അറസ്റ്റ് മുന്‍കൂട്ടി കണ്ട പ്രദീപ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

ഹര്‍ജിയില്‍ വാദംകേട്ട കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടു. ചോദ്യംചെയ്തതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരഹൃദയത്തിലെ ജ്വല്ലറിയിലെത്തി വിപിന്റെ ബന്ധുവിനെ പ്രദീപ് കാണുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പൊലീസിനു തുണയായി.