തൃശൂർ : നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
1941 ജൂണ്‍ 23ന് തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ ആണ് ജനനം. സംസ്കൃതം, ആന ചികിത്സ എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കിയിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചു. മാടമ്പിന്‍റെ നോവലുകളും കഥകളും കേരളീയ സമൂഹത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും നേർ ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്.
ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവയാണ് പ്രശസ്ത കൃതികൾ. 2000ത്തില്‍ പുറത്തിറങ്ങിയ ജയരാജിന്‍റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ദേശാടനം, സഫലം, മകൾക്ക്, ഗൗരീശങ്കരം തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. ആറാം തമ്പുരാൻ, കരുണം, ഗൗരീശങ്കരം, പരിണയം, വടക്കും നാഥന്‍, പോത്തന്‍ വാവ തുടങ്ങിയ വിവിധ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലാസാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. 2001ൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പരേതയായ സാവിത്രി അന്തര്‍ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കളാണ്.