നടൻ ടി.പി മാധവൻ അന്തരിച്ചു

 

പത്തനംതിട്ട: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം.സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ നടക്കും. രണ്ടു മക്കൾ – മകള്‍ ദേവിക, മകന്‍ രാജാകൃഷ്ണ മേനോന്‍. രാജകൃഷ്ണ മേനോന്‍ എയർ ലിഫ്റ്റ്‌ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ കൂടിയാണ്.

കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 1997 വരെ എഎംഎംഎയുടെ ജനറൽസെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു.

1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി.പി മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി.പി മാധവന്‍ അഭിനയിച്ചിരുന്നു.

Comments (0)
Add Comment