മാനന്തവാടി : തന്‍റെ പ്രസംഗത്തിനിടെ സദസിലിരുന്ന് കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് സിനിമാ താരം ടൊവിനോ തോമസ്. മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം. വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ നടപടി. പരസ്യമായി വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവീനോയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം മാനന്തവാടിയിൽ നടത്തിയ പൊതുചടങ്ങിലാണ് ടൊവിനോ പ്രസംഗിച്ചത്. ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവാൻ ടൊവിനോ നിർബന്ധിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയെങ്കിലും അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും പൊതു ജനമധ്യത്തിലും വിദ്യാർത്ഥിയെ അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ കെ.എസ്.യു തീരുമാനിച്ചു.
വീഡിയോ കാണാം :
https://www.youtube.com/watch?v=uQuL6iP_VaA