നടൻ സത്താർ അന്തരിച്ചു

നടൻ സത്താർ അന്തരിച്ചു. 67 വയസായിരുന്നു. മൂന്ന് മാസമായി ആലുവ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെയായിരുന്നു അന്ത്യം. വൈകീട്ട് 4 മണിക്ക് ആലുവ കടുങ്ങല്ലൂർ ജുമാമസ്ജിദിലാണ് സംസ്‌കാരം. മകനും ചലച്ചിത്ര നടനുമായ കൃഷ് ജെ സത്താർ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ, എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

സിനിമാരം​ഗത്ത് സജീവമായി നിൽക്കുന്നതിനിടെ 1979-ൽ ആണ് നടി ജയഭാരതിയെ സത്താർ വിവാഹം ചെയ്യുന്നത്. സത്താർ – ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടൻ കൂടിയായ കൃഷ് ജെ സത്താർ. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു.

ബാബു ആന്‍റണി നായകനായ കമ്പോളം ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ച അദ്ദേഹം പക്ഷേ 2003-ന് ശേഷം ഏറെനാള്‍ അഭിനയരം​ഗത്ത് സജീവമായിരുന്നില്ല.

പിന്നീട് 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചത് ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

Sathar
Comments (0)
Add Comment