നടന്‍ ഇന്നസെന്‍റ് അന്തരിച്ചു; മടങ്ങുന്നത് ചിരിയുടെ പൂക്കാലം സമ്മാനിച്ച മഹാനായ കലാകാരന്‍

കൊച്ചി: ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

നാളെ കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകും. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. വൈകുന്നേരം അഞ്ചുമണിയോടെ സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28 നാണ് ഇന്നസെന്‍റിന്‍റെ ജനനം. ലിറ്റിൽഫ്ലവർ കോണ്‍വന്‍റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് കച്ചവടം ഉള്‍പ്പെടെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നു.

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് സിനിമാ മേഖലയിലേക്കുള്ള കാല്‍വെപ്പ്. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി 750 ലേറെ സിനിമകളിൽ അഭിനയിച്ചു. 1989ൽ മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിർമാതാവെന്ന നിലയിൽ 1981ലും (വിട പറയും മുമ്പേ), 1982ലും (ഓർമയ്ക്കായ്) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009 ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിനും അര്‍ഹനായി. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘എഎംഎംഎ’യുടെ പ്രസിഡന്‍റായി 18 വർഷം പ്രവർത്തിച്ചു.

2013 ല്‍ തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്‍റ് ചികിത്സ തേടി. കാൻസർ രോഗത്തെ ചിരിയോടെ നേരിട്ട ഇന്നസെന്‍റ് പ്രചോദനമായത് നിരവധി പേര്‍ക്കാണ്. ‘ചിരിക്കു പിന്നിൽ’ (ആത്മകഥ), ‘മഴക്കണ്ണാടി’, ‘ഞാൻ ഇന്നസെന്‍റ്’, ‘കാൻസർ വാർഡിലെ ചിരി’, ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’, ‘ദൈവത്തെ ശല്യപ്പെടുത്തരുത്’, ‘കാലന്‍റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി’ എന്നീ പുസ്തകങ്ങൾ എഴുതി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ചാലക്കുടിയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ആലീസാണ് ഭാര്യ. 1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്‍റ് ആലീസിനെ വിവാഹം കഴിച്ചത്. മകൻ: സോണറ്റ്. മരുമകൾ രശ്മി. പേരക്കുട്ടികൾ: ഇന്നസെന്‍റ് ജൂനിയർ, അന്ന.

Comments (0)
Add Comment