നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

 

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. അസുഖബാധിതനായിരുന്ന വിജയകാന്ത് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹത്തിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

ആരാധകർ ക്യാപ്റ്റനെന്ന് വിളിച്ചിരുന്ന വിജയകാന്തിന്‍റെ യഥാർത്ഥ പേര് വിജയരാജ് അളഗർ‌സ്വാമി എന്നാണ്. ഡിഎംഡികെയുടെ  സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 1952 ആഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്‍റെ ജനനം. ‘പുരട്ചി കലൈഞ്ജര്‍’ എന്നും ‘ക്യാപ്റ്റൻ’ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ റിലീസ് ആയതിന് പിന്നാലെയാണ് വിജയകാന്ത് ആരാധകരുടെ ക്യാപ്റ്റനായി മാറിയത്.

ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിസാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ‌. 150-ലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.  2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു. 1994-ല്‍ എം.ജി.ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005-ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്‍റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

 

Comments (0)
Add Comment