ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം; ഐ.എല്‍.ഒയ്ക്ക് ആര്‍ ചന്ദ്രശേഖരന്‍റെ കത്ത്

Jaihind News Bureau
Friday, April 10, 2020

 

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉള്‍പ്പെടെയുള്ള ഇന്ത്യയില്‍നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ ഐ.എൽ.ഒ ഗവേണിംഗ് ബോഡി അംഗം കൂടിയായ അദ്ദേഹം ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ജനറലിന് കത്തെഴുതി.

ഓരോ രാജ്യത്തും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരുൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഡയറക്ടർ ജനറലിനോട് കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ മതിയായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധിയെത്തുടർന്ന് ലോകത്ത് ഏറ്റവുമധികം തൊഴിൽ നഷ്ടം ഉണ്ടാകുന്നത് ഇന്ത്യയിൽ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ഐ.എൽ.ഒ നടത്തുന്ന പഠനത്തോടൊപ്പം അസംഘടിത മേഖലയിൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടത്തിനുള്ള പരിഹാരമാർഗം കൂടി നിർദേശിച്ച് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി പ്രവർത്തികമാക്കണമെന്നും ആർ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.