സിപിഎം ജില്ലാകമ്മറ്റിഓഫീസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. വകുപ്പ് തല നടപടി എന്നനിലയിൽ സ്ഥലം മാറ്റുകയോ അല്ലെങ്കിൽ സർക്കാർ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.
സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിൻറെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. എന്നാൽ നടപടി വേണമെന്ന് സിപിഎം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിൻറെ ആവശ്യം. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാർകളൊന്നുമില്ലാത്ത റിപ്പോർട്ടിൻറെ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയും. അതിനാൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമ കേസിൽ ഒരാളൊഴികെ മറ്റ് ഡിവൈഎഫ്ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ പാളയത്ത് റോഡിലിട്ട് മർദ്ദിച്ച കേസിലെ മുഖ്യപ്രതിയും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവുമായ നസീം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. മന്ത്രിമാരായ എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത പരിപാടിയിലാണ് നസീമെത്തിയത്. ഈ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ കീഴടങ്ങിയത്.