പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടില്‍ നടപടി; 23 പോലീസുകാർക്ക് കണ്ണൂരിൽ കഠിന പരിശീലനം

 

തിരുവനന്തപുരം: പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പോലീസുകാര്‍ക്കെതിരെ നടപടി. പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകുവാനാണ് എഡിജിപി എസ്‍. ശ്രീജിത്ത് നിര്‍ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ശബരിമലയിലെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ഏറെ വിവാദവും വിമർശനവും ഉയർത്തിയിരുന്നു. ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർ പ്രതിക്കൂട്ടിലായത്.

പോലീസുകാരുടെ നടപടിയിൽ വലിയ വിമർശനമാണ് പൊതുസമൂഹത്തിന്‍റെ വിവിധ കോണുകളിൽ ഉയർന്നത്. പന്തളം കൊട്ടാരം അടക്കം പോലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ വരെ വിമർശനത്തിന് സംഭവം വഴിതെളിയിച്ചു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തത്. നടപടിയെ തുടര്‍ന്ന് 23 പോലീസുകാരും ശബരിമലയിൽനിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

Comments (0)
Add Comment