കുഞ്ഞിനെ കടത്തല്‍ ; ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനും സിപിഎം അംഗം ജയചന്ദ്രനുമെതിരെ നടപടിക്ക് സാധ്യത

Jaihind Webdesk
Sunday, October 24, 2021

തിരുവനന്തപുരം :  പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് അംഗവുമായ ഡോക്ടർ ഷിജു ഖാനെതിരെ സിപിഎം നടപടിയെടുത്തേക്കും. അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും സിപിഎം നടപടിയുണ്ടാകും. സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ജയചന്ദ്രൻ.

അതേസമയം പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ രംഗത്ത് എത്തി. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണ്. സെപ്റ്റംബർ മാസത്തിൽ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍ എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോൾ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാൻ ഡിജിപി ബെഹ്റ ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അനുപമ പറഞ്ഞു.