കണ്ണൂരില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍; പ്രണയപ്പകയെന്ന് സൂചന

കണ്ണൂർ: പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മാനന്തവാടി സ്വദേശി ശ്യാമാണ് പോലീസിന്‍റെ പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയെന്നാണ് സൂചന. പാനൂർ വള്ളിയായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തി കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് ശേഷം തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ.

കഴുത്തറുത്ത് ഇരു കൈകളും മുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തൊപ്പിയും മാസ്ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഖത്തറിൽ പ്രവാസിയായ വിനോദിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് കൊല്ലപ്പെട്ട  വിഷ്ണുപ്രിയ.

Comments (0)
Add Comment