ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഐ പ്രതിക്കൂട്ടില്‍

webdesk
Wednesday, March 20, 2019


ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യപ്രതി റോഷന്‍ പെൺകുട്ടിയുമായി ബംഗലൂരുവിലേയ്ക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികൾ റെയിൽവേസ്റ്റേഷനിലേയ്ക്ക് ഇവരെ അനുഗമിച്ചതായും ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.

സിപിഐ മേമന ബ്രാഞ്ച് സെക്രട്ടറി നവാസിൻറെ മകൻ റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ പ്രതികളിൽ രണ്ട് പേർ ചൊവ്വാഴ്ച പിടിയിലായിരുന്നു. ഓച്ചിറ സ്വദേശികളായ ബിബിൻ, അനന്തു എന്നിവരാണ് പൊലീസ് പിടിയിലായത്. അക്രമികൾ സഞ്ചരിച്ചിരുന്ന കാറും കായംകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് ആരോപണം ശക്തമാണ്. പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം പോലും തുടങ്ങിയത്.

വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.