കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ചിത്രം: ‘ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ സംവിധായകന്‍ 34 കോടിയുടെ തട്ടിപ്പിലെ പ്രതി

മുംബൈ: കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിനും തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടും ബി.ജെ.പിയുടെ ആശിര്‍വാദത്തോടെ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ’ സംവിധായകന്‍ വിജയ് രത്നാകര്‍ ഗുട്ടെ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി. ചരക്കുസേവന നികുതിയില്‍ 34 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഗസ്റ്റ് മൂന്നിന് ഡയറക്ടര്‍ ജനറല്‍ ഗുട്ടെയെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.

ജിഎസ്ടി നിയമത്തിലെ 132 (1) (സി) വകുപ്പ് പ്രകാരം വ്യാജബില്ലുകളും വിലവിവരപ്പട്ടികകളും ഉപയോഗിച്ചാണ് ഗുട്ടെ നികുതി വെട്ടിപ്പുനടത്തിയത്. ഗുട്ടെയുടെ സ്ഥാപനമായ വിആര്‍ജി ഡിജിറ്റല്‍ കോര്‍പ് ലിമിറ്റഡ് 149 വ്യാജവിലവിവരപ്പട്ടികകള്‍ തട്ടിപ്പിനുപയോഗിച്ചു. ഹൊറൈസണ്‍ ഔട്ട്‌സോഴ്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് മനുഷ്യാദ്ധ്വാനവും ചരക്ക്‌നീക്കവും കൈപ്പറ്റിയതായി കാണിച്ച് 34.37 കോടി രൂപയ്ക്കായി 266 കോടിയുടെ വ്യാജവിവരങ്ങളുണ്ടാക്കിയെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിരുന്നു. മെയ് മാസത്തില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊറൈസണ്‍ കമ്പനി ഡയറക്ടറെ ചരക്കുസേവന നികുതി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

അനുപം ഖേര്‍ മുഖ്യവേഷത്തിലെത്തുന്ന ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന സഞ്ജയ് ബാറു ഇതേ പേരില്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ളതായാണ് ചിത്രം. സിനിമ ബിജെപിയുടെ പ്രചരണ ചിത്രമാണെന്ന വിമര്‍ശനങ്ങള്‍ വ ന്നുകൊണ്ടിരിക്കേ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തത് ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെടാന്‍ കാരണമായിട്ടുണ്ട്.
ഇത് വരെ ഒരു ചിത്രത്തെയും പിന്താങ്ങാത്ത ബിജെപിയുടെ ഇപ്പോഴത്തെ ഈ നടപടിയെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി കുടുബത്തിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രചരണ ചിത്രം മാത്രമാണ് ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍ എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഇതിന് മുമ്പ് എന്നാണ് ബിജെപി ഒരു ചിത്രത്തെ പ്രചരിപ്പിച്ചിട്ടുള്ളതെന്ന് ചിലര്‍ ചോദിക്കുന്നു.

Comments (0)
Add Comment