കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ലോക്ക് തുറക്കാന്‍ കഴിയാതെ കുട്ടിയടക്കം എട്ട് പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ബറേലിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ മരിച്ചു. സെൻട്രൽ ലോക്ക് ചെയ്‌ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പോലീസ് പറഞ്ഞു. നൈനിതാൾ ഹൈവേയിലാണ് അപകടം. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു.

കാർ എതിർ പാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്‍റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി അടുത്ത പാതയിൽ കയറി. ഈ സമയം, ബഹേരിയിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പോലീസും അഗ്നിശമനസേനയുമെത്തി. സംഭവത്തെത്തുടർന്ന് നൈനിറ്റാൾ ഹൈവേയുടെ ഒരുവരി പൂർണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിൻ ഉപയോഗിച്ച് കാർ റോഡിൽ നിന്ന് നീക്കം ചെയ്തു.

Comments (0)
Add Comment