തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി; ഓർഡിനൻസിൽ ഒപ്പിടാൻ രണ്ടാം തവണയും വിസമ്മതിച്ച് ഗവർണർ; ചോദ്യം ചെയ്യാനില്ലെന്ന് സർക്കാർ; ഗവർണറുടെ നടപടി പ്രതിപക്ഷനേതാവിന്‍റെ പരാതിയിൻമേൽ

Jaihind News Bureau
Wednesday, January 15, 2020

തദ്ദേശ വാർഡുകളുടെ ഓഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ മന്ത്രി എ.സി മൊയ്തീനെ ഗവർണർ നേരിട്ടാണ് വിസമ്മതം അറിയിച്ചത്. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഓർഡിനൻസിൽ ആദ്യം ഒപ്പിടാതെ കൂടുതൽ വിശദീകരണം തേടി ഗവർണർ സർക്കാരിന് ഫയൽ മടക്കി. അതേസമയം, വാർഡ് വിഭജന ഓർഡിനൻസ് സംബന്ധിച്ച് ഗവർണറുടെ വിസമ്മതം സ്ഥിരീകരിച്ച് മന്ത്രി എ.സി.മൊയ്തീൻ. ഗവർണറെ ചോദ്യം ചെയ്യാനില്ലെന്നും വാർഡ് വിഭജനമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഡ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷം ശക്തമായ എതിർപ്പ് ഗവർണറെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിന്മേലാണ് ഗവർണർ വിസമ്മതം അറിയിച്ചത് . ഇക്കാര്യത്തിൽ ഗവർണറുടെ എതിർപ്പ്  മന്ത്രി എ.സി.മൊയ്തീൻ സ്ഥിരീകരിച്ചു.2001 ലെ സെൻസസ് പ്രകാരമാണ് നിലവിൽ വാർഡ് ക്രമീകരിച്ചിരിക്കുന്നതെന്നും തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.

വാർഡ് വിഭജന ഓർഡിനൻസിൽ സർക്കാർ ഉറച്ച് നിൽക്കുമെന്ന് പറയുമ്പോഴും ഗവർണറുടെ എതിർപ്പ് സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് .