എ.സി. മൊയ്തീനെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; ആശുപത്രി നിർമ്മാണത്തിലും വൻ ക്രമക്കേടുകൾ: അനിൽ അക്കര

Jaihind News Bureau
Monday, September 7, 2020

 

തൃശൂർ: മന്ത്രി എ.സി. മൊയ്തീനെതിരായ അഴിമതി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി അനിൽ അക്കര എം എൽ എ. മന്ത്രി അയച്ച വക്കീൽ നോട്ടീസിലൂടെ നിയമപരമായി അഴിമതി തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അനിൽ അക്കര വ്യക്തമാക്കി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തോട് അനുബന്ധിച്ചുള്ള ആശുപത്രി നിർമാണത്തിലും വൻ ക്രമക്കേടുകൾ നടന്നതായി എംഎൽഎ തൃശൂരിൽ ആരോപിച്ചു.

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്‍റ് ഏൽപ്പിച്ച യൂണിടാക്ക് എന്ന കരാറുകാരനെ അറിയില്ല എന്നാണ് മന്ത്രി എ.സി. മൊയ്തീൻ ആവർത്തിക്കുന്നത്. എന്നാൽ ഈ കമ്പനിയെ തിരഞ്ഞെടുത്തത് റെഡ് ക്രസന്‍റാണെങ്കിൽ യൂണിടാക്കിനെ അംഗീകരിക്കാൻ എന്തുകൊണ്ട് ലൈഫ് മിഷൻ കത്തയച്ചു എന്നാണ് എംഎൽഎ യുടെ ചോദ്യം.

ഫ്ലാറ്റ് സമുച്ചയത്തോട് അനുബന്ധിച്ചുള്ള ആശുപത്രി നിർമാണത്തിന് നാലര കോടി രൂപ സെയിൻ വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിനാണ് യുഎഇ കോൺസുലേറ്റ് വഴി ലഭിച്ചത്. സെയിൻ വെഞ്ച്വേഴ്സിനും യൂണിടാക്കിനും പിന്നിൽ ഒരേ വ്യക്തികൾ തന്നെയാണ്. ഈ പണം വീതം വെയ്ക്കപ്പെട്ടു. ഒരു വിഹിതം മന്ത്രിക്കും ലഭിച്ചുവെന്നും അനിൽ അക്കര അരോപിച്ചു.