വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ അധിക്ഷേപ പ്രസ്താവന; ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവും; മിണ്ടാട്ടമില്ലാതെ സംസ്ഥാന നേതൃത്വം

ഡല്‍ഹി: ഗോവയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കള്‍ വിശുദ്ധ ഫ്രാന്‍സിസിനെതിരായ അധിക്ഷേപ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രെഗത്തെത്തി. ഓള്‍ഡ് ഗോവയില്‍ ആയിരക്കണക്കിന് കത്തോലിക്കസഭാ വിശ്വാസികളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധറാലി നടത്തി. ബിജെപിയുടെ വിഭജന അജണ്ടയുടെ ഭാഗമാണ് പരാമര്‍ശമെന്നും ഗോവയിലെയും ഇന്ത്യയിലെയും മുഴുവന്‍ ജനങ്ങളും അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും രാഹുല്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ കേരളത്തില്‍ ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാകാനിടയുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ആര്‍എസ്എസിന്റെ ഗോവ മുന്‍അധ്യക്ഷന്‍ സുഭാഷ് വെല്ലിങ്കാര്‍ ഫ്രാന്‍സിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടത്. ഈ പ്രസ്താവനയാണ് സഭയുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിഷേധത്തിനിടയാക്കിയത്.

കേരളത്തില്‍ ബിജെപിയും ആര്‍എസ്എസും ക്രൈസ്തവ സഭകളുമായി പ്രത്യേകിച്ച് കത്തോലിക്ക സഭയുമായി അടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് സഭയുടെ രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പരാമര്‍ശം. വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളും മൗനത്തിലാണ്.

മദര്‍ തെരേസ ആതുര സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആക്ഷേപം 2015ല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്ത് നേരത്തെ നടത്തിയിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ അടിസ്ഥാനപരമായി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികളുടെ ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് സുഭാഷ് വെല്ലിങ്കാറുടെ പ്രസ്താവന. വയനാട് ലോക്സഭ സീറ്റുള്‍പ്പടെയുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തേയും ഇളക്കി മറിക്കാനിടയുണ്ട്.

Comments (0)
Add Comment