അധിക്ഷേപ പരാമർശം; സത്യഭാമയ്ക്കെതിരെ പരാതി നല്‍കി ഡോ. ആർ.എല്‍.വി. രാമകൃഷ്ണന്‍

 

തൃശൂർ: വ്യക്തിപരമായി അധിക്ഷേപിച്ചതായി കാട്ടി നർത്തകി സത്യഭാമക്കെതിരെ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. അധിക്ഷേപ അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പോലീസ് പറഞ്ഞു.

ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മനുഷ്യരുടെ നിറവും സൗന്ദര്യവും എടുത്തുപറഞ്ഞായിരുന്നു സത്യഭാമയുടെ അധിക്ഷേപം. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നതെന്നും സത്യഭാമ പറഞ്ഞിരുന്നു.

വിവാദ പരാമർശത്തിന് പിന്നാലെ സത്യഭാമയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും തിരുത്താന്‍ സത്യഭാമ തയാറായില്ല. തുടക്കത്തില്‍ തന്‍റെ പരാമർശങ്ങളിൽ ഉറച്ചു നിന്ന സത്യഭാമ പിന്നീട് വിശദീകരണവുമായി എത്തിയെങ്കിലും പ്രതിഷേധത്തിന് ശമനമുണ്ടായില്ല. ഇതോടെ താന്‍ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്നും തന്‍റെ കുടുംബത്തേയും കടന്നാക്രമിക്കുകയാണെന്നുമുള്ള പരാതിയായി.  ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നും സത്യഭാമ പിന്നീട് പറഞ്ഞു.

Comments (0)
Add Comment