കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുതിച്ചുയരുന്നു ; ലോക്ഡൌൺ കാലത്ത് പൊലിഞ്ഞത് 43 കുട്ടികള്‍

Jaihind Webdesk
Friday, July 9, 2021

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീക അതിക്രമങ്ങള്‍ വർധിക്കുന്നു. കൊവിഡ് ലോക്ഡൌൺ നിലവില്‍ വന്നതിന് ശേഷം മാത്രം കേരളത്തില്‍ 1770 കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 43 കുട്ടികള്‍ മരണത്തിന് കീഴടങ്ങി. പൊതു ഇടങ്ങളിലേക്കാള്‍ വീടുകളിലാണ് കുട്ടികള്‍ അക്രമത്തിന് ഇരയാകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകങ്ങളും ആത്മഹത്യകളും കണ്ട് ജനങ്ങളുടെ നടുക്കം ഒഴിയാതെ നില്‍ക്കുമ്പോഴാണ് കുട്ടികള്‍ പോലും ഇവിടെ സുരക്ഷിതരല്ലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. നികുതി പണം കൊണ്ട് തീറ്റി പോറ്റുന്ന ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും സംസ്ഥനത്ത് പ്രവർത്തിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് സമൂഹത്തിനുള്ളതെന്നാണ് പൊതുജനം ചോദിക്കുന്നത്. പരാതി പറയാന്‍ വിളിക്കുന്നവരെ വിരട്ടുന്ന വനിതാ കമ്മീഷനും ഭരണപക്ഷ നേതാക്കളുടെ ചെറുമക്കള്‍ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ബാലാവകാശ കമ്മീഷനും നമ്മുടെ മുന്നിലെ യാഥാർത്ഥ്യങ്ങളാണ്.

ഒരു വശത്ത് സ്ത്രീപക്ഷ കേരളമെന്ന് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും തട്ടിവിടുമ്പോള്‍ മറുവശത്ത് കുറ്റവാളികളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ സർക്കാർ വലിയ പരാജയമാകുന്നു.