സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം അവതാളത്തില്‍; കിട്ടാനുള്ളത് മൂന്നു ലക്ഷത്തോളം പേർക്ക്

 

തിരുവനന്തപുരം: തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഇന്നുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ മൂന്നു ലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്.

ഓണമുണ്ണാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും സംസ്ഥാനത്ത് ഓണക്കിറ്റിന് അര്‍ഹരായവരില്‍ പകുതിപേര്‍ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്.  തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ല. വൈകുന്നേരത്തോടെ മുഴുവൻ പേർക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ പറയുന്നത്. അർഹരായ ആറുലക്ഷം പേരിൽ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇക്കുറി മഞ്ഞക്കാർഡുകാർക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. അതുതന്നെ എല്ലാവർക്കും നൽകുവാനും സർക്കാരിന് കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ എംഎല്‍എമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംഎൽഎമാർക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ് സപ്ലൈകോ സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്. ഇതാണ് യുഡിഎഫ് ജനപ്രതിനിധികൾ സ്വീകരിക്കില്ലെന്ന് നിലപാട് സ്വീകരിച്ചത്.

Comments (0)
Add Comment