ബിയറും വൈനും മദ്യാസക്തി വര്‍ദ്ധിപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി; മദ്യോത്പാദന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല

Jaihind News Bureau
Wednesday, November 13, 2019

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍..ബിയറും വൈനും മദ്യാസക്തി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന വാദവും എക്‌സൈസ് മന്ത്രി ഉയര്‍ത്തി. അതേ സമയം സര്‍ക്കാര്‍ 158 പുതിയ ബാറുകള്‍ക്കും 383 ബിയര്‍ പാര്‍ലറുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കിയതായി ടി പി രാമകൃഷ്ണന്‍ രേഖാമൂലം വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയും ഇതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ആവര്‍ത്തിച്ചു. വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിതരണം ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിതരണം ചെയ്യുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരാനാകുമെന്ന വിചിത്ര വാദവും മന്ത്രി ഉയര്‍ത്തി. ഈ തീരുമാനം വഴി പാഴായി പോകുന്ന പഴങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റാനാകും. ഇതുവഴി കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പഴങ്ങള്‍, ധാന്യങ്ങള്‍ എന്നീ കാര്‍ഷികവിഭവങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയതായി 158 ബാര്‍ ലൈസന്‍സുകള്‍ നല്‍കി. 383 ബിയര്‍ പാര്‍ലറുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കി.

മദ്യ ഉപഭോഗത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാല് ശതമാനത്തിന്റെയും ബീയറിന്റെ ഉപഭോഗത്തിന്‍ അഞ്ച് ശതമാനത്തിന്റെയും വര്‍ദ്ധനവും ഉണ്ടായതായി എക്‌സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുള്ള, എന്‍ സി ഖമറുദ്ദീന്‍, എം ഷംസുദ്ധീന്‍ എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.