ഒരു സര്‍ക്കാര്‍ വാഹനമെങ്കിലും കത്തിയോ.. ഒരു പോലീസുകാരന്റെ ശരീരത്ത് നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞോ..; ഹര്‍ത്താലിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും ഭരണപാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഹര്‍ത്താലിലേക്ക് നയിച്ച സാഹചര്യങ്ങളും എന്തുകൊണ്ടാണ് ഹര്‍ത്താല്‍ എന്ന ജനാധിപത്യ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് നടത്തിയതെന്നും സമാധാനപരമായി നടന്ന ഹര്‍ത്താലിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയുകയുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണമല.

ഒരു പോലീസുകാരന്റെ ശരീരത്ത് നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞോ.. മജ്ജയും മാംസവും വികാരവുമുള്ള ചെറുപ്പക്കാരല്ലേ ഞങ്ങള്‍. ഈ പ്രത്യയശാസ്ത്രം നെഞ്ചിലേറ്റിയത്തിന്റെ പേരില്‍ സി പി എം തുണ്ടം തുണ്ടം ആക്കിയ അവര്‍ ഞങ്ങളുടെ സഹോദരങ്ങള്‍ ആണ്. അവരുടെ അമ്മമാരുടെ വേദന കാണുമ്പോള്‍ മിണ്ടാതെ ഇരിക്കാന്‍ ഞങ്ങള്‍ മന്ദബുദ്ധികളല്ല – അനീഷ് വരിക്കണ്ണമല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനം ഏറ്റെടുത്തെത്തിലൂടെ അത് നല്‍കുന്ന സന്ദേശം വ്യക്തമാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

രാത്രി ഏറെ വൈകിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ശരത്തും കൃപേഷും കൊല്ലപ്പെട്ട രാത്രി സംസ്ഥാനത്തെമ്പാടുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഞാനടക്കമുള്ള സംസ്ഥാന ഭാരവാഹികളെയും തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നു. അവര്‍ പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. ചിലര്‍ കരയുകയും മറ്റു ചിലര്‍ ക്ഷോഭിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഹര്‍ത്താല്‍ സമരത്തില്‍ അനുകൂല നിലപാട് കിട്ടാതെ ഡീന്‍ കുര്യാക്കോസ് ഖിന്നനായിരുന്നു. പന്ത്രണ്ട് മണികഴിയുമ്പോള്‍ ഡീന്‍ന്റെ കോളിന് പതിവിലും കടുപ്പം ഉണ്ടായിരുന്നു. ഞാന്‍ ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസിന്റെയും ദേശീയ നേതൃത്വത്തിന്റെയും അനുമതി നേടിയിട്ടുണ്ട്. ഇനി കൂടുതല്‍ കാക്കാന്‍ സാധിക്കില്ല. രണ്ട് സഹപ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആലോചിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. എല്ലാവരെയും അറിയിക്കാന്‍ എനിക്ക് നിര്‍ദ്ദേശവും തന്നു.
ഇപ്പോള്‍ കോടതി ഡീന്‍ കുര്യാക്കോസിനെ ഒരു അപരാധിയെ പോലെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് കാണാന്‍ സാധിച്ചത്. പിന്നെ ഡീന്‍ എന്തു ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിക്കുന്നത്. ഒരു സര്‍ക്കാര്‍ വാഹനമെങ്കിലും കത്തിയോ.. ഒരു പോലീസുകാരന്റെ ശരീരത്ത് നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞോ.. മജ്ജയും മാംസവും വികാരവുമുള്ള ചെറുപ്പക്കാരല്ലേ ഞങ്ങള്‍. ഈ പ്രത്യയശാസ്ത്രം നെഞ്ചിലേറ്റിയത്തിന്റെ പേരില്‍ സി പി എം തുണ്ടം തുണ്ടം ആക്കിയ അവര്‍ ഞങ്ങളുടെ സഹോദരങ്ങള്‍ ആണ്. അവരുടെ അമ്മമാരുടെ വേദന കാണുമ്പോള്‍ മിണ്ടാതെ ഇരിക്കാന്‍ ഞങ്ങള്‍ മന്ദബുദ്ധികളല്ല.
നീതി ദേവത കണ്ണു തുറന്ന് കാണണം. അവിടുത്തേക് ഹൃദയ വിശാലത ഉണ്ടാകണം. ഷുഹൈബിന്റെയും ടി പി ചന്ദ്രശേഖരിന്റെയും അടക്കമുള്ള കൊലപാതകങ്ങളിലൂടെ സി പി എം തീര്‍ത്ത ശൂന്യതക്ക് മറുപടി പറയാന്‍ ആരും ആയുധങ്ങള്‍ ഉപയോഗിച്ചില്ല. ഹര്‍ത്താല്‍ ഞങ്ങള്‍ക്കും വലിയ താല്പര്യം ഉള്ള ഒന്നല്ല. പക്ഷെ ഇത്ര വൈകാരികമായ സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ പാടില്ല നിര്‍വികാരികള്‍ ആകണം എന്ന് പറഞ്ഞാല്‍ തടവറ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് വിളിച്ചു പറയേണ്ടിവരും. കോടതിക്ക് എതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നവര്‍ അല്ല ഞങ്ങള്‍. പക്ഷെ സാമാന്യ യുക്തിക്ക് നിരക്കാത്ത വിധികളോട് നിയമം അനുശാസിക്കുന്ന മാര്‍ഗത്തില്‍ തന്നെ പ്രതികരിക്കും.
പ്രസിഡന്റ് നിങ്ങള്‍ ഒറ്റയ്ക്കല്ല. അര്‍ദ്ധ രാത്രി നിങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനം മുഴുവന്‍ ഏറ്റെടുത്തെങ്കില്‍ അത് നല്‍കുന്ന സന്ദേശം നിങ്ങള്‍ ശരിയെന്നാണ്. അചഞ്ചലമായ മനസ്സോടെ നിങ്ങള്‍ മുന്നോട്ട് തന്നെ നയിക്കുക. യുവജന രാഷ്ട്രീയം നിങ്ങള്‍ക്ക് ഒപ്പമാണ്.

ഹര്‍ത്താല്‍യൂത്ത് കോണ്‍ഗ്രസ്youth congresshartal
Comments (0)
Add Comment